National
മുംബൈ: നരേന്ദ്ര ധാബോൽക്കർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ശരദ് കലാസ്കറിന് ജാമ്യം. ബോംബെ ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
കമ്യൂണിസ്റ്റ് നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പൻസാരെയുടെ വധക്കേസിൽ വിചാരണ നേരിടുന്നയാളാണ് കലാസ്കർ. ഈ കേസിൽ കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ധാബോൽക്കർ കേസിലും ജാമ്യം ലഭിച്ചതോടെ കലാസ്കറിന് ജയിലിനു പുറത്തിറങ്ങാനാവും. സാമൂഹിക പ്രവർത്തകനും യുക്തിവാദിയുമായ ധാബോൽക്കർ 2013 ഓഗസ്റ്റ് 20നാണ് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിടെ ധാബോൽക്കറിനെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചുകൊല്ലുകയായിരുന്നു.
അന്ധവിശ്വാസ വിരുദ്ധ സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ സ്ഥാപകനായിരുന്നു ധാബോൽക്കർ
Kerala
തൃശൂർ: നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർഥി ഗീത ഗോപിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ എൻഡിഎ സ്ഥാനാർഥി സി.സി. മുകുന്ദന്റെ പഴ്സണൽ സ്റ്റാഫ് അസ്ഹർ മജീദിനു ജാമ്യം ലഭിച്ചു. തൃശൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷൽ എസ്സി, എസ് ടി ജഡ്ജിയാണ് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾക്കു വിധേയമായാണു നടപടി.
ഗീത ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്സാപ്പിലൂടെ സന്ദേശങ്ങൾ അയച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനപ്രാതിനിധ്യനിയമപ്രകാരവും എസ്സി, എസ്ടി വകുപ്പുപ്രകാരവുമായിരുന്നു അറസ്റ്റ്. ഇയാളുടെ ഫോണിൽനിന്നു വാട്സാപ്പ് സന്ദേശം പോലീസ് കണ്ടെടുത്തിരുന്നു.
ഗീത ഗോപിക്കെതിരേ അസ്ഹർ പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. കെ. ജയചന്ദ്രൻ, എം. അരവിന്ദ് എന്നിവർ ഹാജരായി.
National
ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില് രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജിത ഭാസ്കർ, ശ്രീലത എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയുടേയുടെയും മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ.
ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആര്. സുനില് കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല് കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി.ആര്. സുനില് കുമാര്.
പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ബാങ്കിലെ വൻ തട്ടിപ്പിന്റെ വിവരങ്ങള് പുറത്തുവന്നത്. സിപിഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി ആദ്യം പോലീസ് കേസെടുത്തത്. തുടക്കത്തില് 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 31 പ്രതികളാണുള്ളത്. ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാർ, മാനേജരായിരുന്ന ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസ്, ജിൽസിന്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികൾ. മറ്റു 26 പേർ മൂന്നു കാലഘട്ടങ്ങളിലെ ഭരണസമിതിയംഗങ്ങളാണ്. ഒന്നിലേറെ തവണ ഭരണസമിതിയംഗങ്ങളായവരുണ്ട്. മരിച്ചു പോയവരുമുണ്ട്. അതിനാലാണ് പ്രതി ചേർക്കപ്പെട്ട ഭരണസമിതിയംഗങ്ങൾ 26 ആയത്.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപുരിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായി റിമാൻഡിലായിരുന്ന മലയാളി പാസ്റ്റർക്കു ജാമ്യം. കഴിഞ്ഞ 13ന് അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി പാസ്റ്റർ ആൽബിന് കാൺപുർ മജിസ്ട്രേറ്റ് കോടതിയാണു ജാമ്യം അനുവദിച്ചത്.
ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് മതപരിവർത്തനം ആരോപിച്ചാണ് ഇദ്ദേഹത്തെ ഗതംപുർ പോലീസ് അറസ്റ്റ് ചെയ്തത്. കാൺപുരിനടുത്ത് നൗരംഗയിലുള്ള വീട്ടിലെത്തിച്ച് ആളുകളെ മതപരിവർത്തനം നടത്തുന്നുവെന്നായിരുന്നു പരാതി.
ബിഎൻഎസിലെ വിവിധ വകുപ്പുകൾ കൂടാതെ നിർബന്ധിത മതപരിവർത്തനത്തിന് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾക്കൂടി ചേർത്താണ് കേസെടുത്തിരുന്നത്. കാൺപുരിലെ ജയിലിലായിരുന്നു പാസ്റ്റർ ആൽബിൻ.